
തിരുവനന്തപുരം: കാട്ടാക്കട പോക്‌സോ കോടതിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത തള്ളാതെ പൊലീസ്. ഇന്ന് ഫോറന്‍സിക് വിദഗ്ധരടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ആരെങ്കിലും ബോധപൂര്‍വം തീയിട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
തീ പുറത്തേക്ക് പടരാത്തതിലും ദുരൂഹതയുണ്ട്. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്‌സോ കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയുടെ ഓഫീസ് മുറിക്കാണ് തീപിടിച്ചത്.
തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് കൂടിയാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ ചില്ലു തകര്‍ത്താണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ അകത്ത് കയറി തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിച്ച കെട്ടിടം പുതിയതായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നാണ് ഫയര്‍ഫോഴ്‌സ് അറിയിച്ചത്.