പറവൂർ കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ ഭീഷണിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. വരുമാനസ്രോതസ്സുകൾ അടക്കം പരിശോധിക്കും. വട്ടിപ്പലിശക്കാരായ പ്രദീപ് കുമാറിൻ്റേയും ഭാര്യ ബിന്ദുവിൻ്റേയും നിരന്തര ഭീഷണിയെത്തുടർന്നാണ് കോട്ടുവള്ളി സ്വദേശി ബെന്നിയുടെ ഭാര്യ ആശ ജീവനൊടുക്കിയതെന്ന് വെളിവായിരുന്നു. കേസ് മുനമ്പം ഡി.വൈ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ആശയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി.
എറണാകുളം പറവൂർ കോട്ടുവള്ളി പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശ യെ കഴിഞ്ഞ ദിവസമാണ് കോട്ടുവള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് വ്യക്തമാക്കി ആശ എഴുതിയ ആത്മഹത്യാ കുറിപ്പും കിട്ടി. ബിസിനസ് വിപുലപ്പെടുത്താനായി പല തവണകളായി പത്ത് ലക്ഷം രൂപ അയൽവാസിയും വട്ടിപലിശക്കാരിയുമായ ബിന്ദുവിൽ നിന്ന് ആശ വാങ്ങിയിരുന്നു. ഇതിന് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപും തുടർച്ചയായി ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ബന്ധുക്കൾ ആരോപിക്കുന്നു .
ഭീഷണിയെ തുടർന്ന് നേരത്തേയും കൈ ഞരമ്പ് മുറിച്ച് ആശ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് കുടുംബം എസ്.പി.ക്ക് പരാതി നൽകി. എസ്.പിയുടെ നിർദേശപ്രകാരം പറവൂർ പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥതയ്ക്കായി എത്തി. പൊലീസ് സ്റ്റേഷനിൽ വച്ച് വരെ വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആശയുടെ ഭർത്താവ് ബെന്നി പറയുന്നു. അവിടെയും തീർന്നില്ല, കഴിഞ്ഞ ദിവസം വൈകിട്ടും ബിന്ദുവും, പ്രദീപും ആശയുടെ വീട്ടിൽ എത്തി ഭീഷണി തുടർന്നുവെന്നാണ് ആരോപണം. തൊട്ടടുത്ത ദിവസം ആശ ജീവനൊടുക്കി. ഇതോടെ ബിന്ദുവും പ്രദീപ് കുമാറും ഒളിവിൽപ്പോയി. ഇരുവരെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.
അതേസമയം പണമിടപാടിൽ അടിമുടി ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നു എന്നതടക്കം അന്വേഷിക്കുകയാണ്. ഒളിവിൽ പോയ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് വരാപ്പുഴ ഉരുട്ടിക്കൊല കേസിൽ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ആളാണ്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് പ്രദീപ് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തതാണ്. ഈ കേസ് നിലനിൽക്കുന്നതിനാൽ വിരമിക്കൽ ആനുകൂല്യങ്ങൾ പോലും ഇയാൾക്ക് കിട്ടിയിട്ടില്ല. എന്നിട്ടും ഇയാൾ എങ്ങനെ വലിയ വീട് പണിതു? ഇത്രയും വലിയ തുക പലിശക്ക് നൽകാനായി? എന്നു തുടങ്ങിയ വിവരങ്ങളും അന്വേഷണപരിധിയിലുണ്ട്.
വരാപ്പുഴയിൽ ലോക്കപ്പ് മരിച്ച ശ്രീജിത്തിനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടതോടെ അഭിഭാഷകര്‍ മുഖേനെ കൈക്കൂലിപ്പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി. ഈ മട്ടിൽ പല കേസുകളിലും ഇയാൾ കൈക്കൂലി കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത്രയേറെ ക്രിമിനൽ പശ്ചാത്തലമുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും ഇപ്പോഴും പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ആശയുടെ ബന്ധുക്കളുടെ ആരോപണം.