കൊല്ലം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാം ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച്. ഓൺലൈനായി പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാനാണ് സംഘത്തിൻ്റെ നീക്കം. അതേസമയം, കേസിൽ പരാതിക്കാരിയുമായി ഉണ്ടായത് സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന വാദമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി വിധി പ്രഖ്യാപിക്കുക.
തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലെ വാദം. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കൂടുതല്‍ രേഖകള്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് കൺസെന്റ് ലഭിച്ചെന്ന് തെളിയിക്കുന്നതാണ് ശബ്ദരേഖയെന്നാണ് അഭിഭാഷകൻ പറയുന്നത്. എന്നാൽ ഒരു തവണ കണ്‍സെന്റ് നൽകിയെങ്കിലും അത് പിന്‍വലിച്ച ശേഷമുള്ളത് പീഡനം തന്നെയാണെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി സമാഹരിച്ച സ്റ്റേറ്റ്‌മെന്റുകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
അതേസമയം പരാതിക്കാരിയുടെ ഐഡൻ്റിറ്റി പുറത്തുവരുന്ന തരത്തിൽ സൈബറാക്രമണം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഫെന്നി നൈനാനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിൻ്റെ സ്‌ക്രീന്‍ഷോട്ടാണ് ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. "ഈ പോസ്റ്റിൽ ഞാൻ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡൻ്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല" എന്ന പ്രത്യേക അറിയിപ്പോടെ ആയിരുന്നു പോസ്റ്റ് പങ്കുവച്ചത്.
ഫെന്നി നൈനാൻ ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്ന് പരാതിക്കാരിയും പറഞ്ഞിരുന്നു. തലയും വാലുമില്ലാത്ത ചാറ്റുകൾ മാത്രമാണ് പുറത്തുവിട്ടത്. ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും, നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സൈബറാക്രമണത്തെ തുടർന്ന് പരാതിക്കാരി നേരത്തെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടിയെടുത്തത്.