
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് റിപ്പോർട്ടിൽ. നവീൻ ബാബുവിനെതിരായ ജില്ലാ കളക്ടറുടെ മൊഴിയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കളക്ടർ റവന്യു മന്ത്രിയെ ബന്ധപ്പെട്ടതിന് സിഡിആർ തെളിവുകളുണ്ട്. നവീൻ ബാബുവും ടി. വി പ്രശാന്തനും തമ്മിൽ ബന്ധപ്പെട്ടതിൻ്റെയും പ്രശാന്തൻ വിജിലൻസിൽ പരാതി നൽകിയതിൻ്റെ തെളിവായി സിസിടിവി ദൃശങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പി. പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം മാത്രം നിലനിൽക്കും എന്നും റിപ്പോർട്ടിൽ വാദം.
ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഈ മാസം അഞ്ചാം തീയതിയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി നൽകിയത്. ശരിയായ രീതിയിൽ അന്വേഷമം നടന്നിട്ടില്ലെന്നും തുടക്കം മുതൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ പറയുന്നു. തെളുവുകൾ നിരാകരിച്ച് പ്രതിക്ക് അനുകൂലമായി അന്വേഷണം മാറ്റിമറിച്ചെന്നും ആരോപിക്കുന്നു.
2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.