കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നതിൽ ന്യായീകരിച്ച് പൊലീസ്. കൊല്ലം റൂറൽ പൊലീസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് വിശദീകരണം. കുടുംബ വഴക്കാണന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞു. 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചു. മന്ത്രിയുടെ ഭാര്യയോ വീട്ടിലുണ്ടായിരുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാൻ പറ്റില്ല. 112ൽ വരുന്ന കേളുകളിൽ കേസെടുക്കാറില്ലന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാർ. ബിന്ദു മേനോൻ പരാതി നൽകിയാൽ ഉടനടി നടപടി എടുക്കുമെന്നാണ് സർക്കാർ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിക്കെതിരായ ആരോപണം പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.
ആരോപണത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കെഎസ്ആർടിസി ഡിപ്പോകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചിരുന്നു. പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ലെന്നും ഭ്രാന്തുള്ളവരാണോ 112 ലേക്ക് വിളിക്കുന്നതെന്നും അവർ ചോദ്യമുന്നയിച്ചിരുന്നു.
ഗണേഷ് കുമാർ ഇതുവരെ വിളിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഭാര്യ പറയുന്നു. താൻ പാലക്കാട്ടെ വീട്ടിലാണ് കഴിയുന്നത്. ഇനി കേസുമായി മുന്നോട്ട് പോകാനില്ല. ആരുടേയും സംരക്ഷണം ഇനി വേണ്ടെന്നും, ആർ ശ്രീലേഖയെ വിളിച്ചത് അവർ ബന്ധുവായത് കൊണ്ടാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കിയിരുന്നു.
തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അന്ന് എൻ്റെ ഭാര്യ ആയിരുന്ന സ്ത്രീ എന്നെ പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബ കോടതിയിൽ കൊടുക്കുകയും, വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു എന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.