തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി പൊലീസ്. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പൊലീസിന് ലഭിച്ചത്. താൻ ആത്മഹത്യയുടെ വാക്കിലാണെന്ന് അനിൽ സഹപ്രവർത്തകരായ കൗൺസിലർമാരോട് പറഞ്ഞിരുന്നു. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
സർവീസ് സൊസൈറ്റിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അനിൽ പറഞ്ഞിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. നിക്ഷേപകർ പണം ചോദിച്ച് വന്നുതുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പിലും പരാമർശമുണ്ട്. കൂടുതൽ മൊഴിയെടുപ്പിനായി പൂജപ്പുര പൊലീസ് സൊസൈറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.
അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കോടികളുടെ ബാധ്യത അനിലിന് ഉണ്ടായിരുന്നതായാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്. ബാങ്ക് നിക്ഷേപകർക്ക് ആറ് കോടിയോളം രൂപ കൊടുക്കാനുണ്ടെന്നാണ് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. വായ്പ നൽകിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകർക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് അനിലിന്റെ ആത്മഹത്യാക്കുറിപ്പ്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്താണ് അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.