
ദിയ കൃഷ്ണകുമാറിൻ്റെ കടയിലെ സാമ്പത്തിക ക്രമക്കേട് പരാതിയിൽ ജീവനക്കാരുടെ മൊഴി എടുത്ത് പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപെടുത്തിയത്. മൂവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൃഷ്ണകുമാറിൻ്റെയും മകളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചു.
ജീവനക്കാരായ മൂന്നു സ്ത്രീകള്‍ 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നായിരുന്നു മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതി കണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു. തെറ്റു പറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 2024 ഒക്ടോബര്‍ മുതല്‍ പണം എടുത്തതായി വീഡിയോയില്‍ ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്. എന്നാൽ ദിയ ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി പണം തങ്ങളുടെ അക്കൗണ്ടിലൂടെ വാങ്ങിയെന്നാണ് ഇതിനുശേഷം ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞത്. ഈ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടത്.
വീഡിയോ പുറത്തുവന്നതോടെ ഇരുവിഭാഗവും നല്‍കിയ പരാതികളില്‍ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. തെളിവുകളും മൊഴികളും ശേഖരിച്ച ശേഷം ഏത് കേസിനാണോ മെറിറ്റ് ഉള്ളത് അതിലാവും പൊലീസ് കുറ്റപത്രം നല്‍കുക.