കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികമാരുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് . വയോധികരായ ഇരുവരേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വെള്ള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്ന സഹോദരനെ കണാതാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് മൂലക്കണ്ടി സ്വദേശികളും സഹോദരിമാരുമായ ശ്രീജയ, പുഷ്പ എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദ് എന്ന സഹോദരനുൾപ്പടെ മൂന്ന് പേരാണ് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ സംഭവത്തിനു പിന്നാലെ സഹോദരനെ കാണാതായി. അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രമോദിനെ അവസാനമായി കണ്ടതെന്നും. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഫറോക്കില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രമോദ് മൊബൈല്‍ഫോണ്‍ ഫറോക്കില്‍ ഉപേക്ഷിച്ചശേഷം ട്രെയിന്‍ കയറി കടന്നുകളഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡിലെ വാടകവീട്ടിൽ മൂന്ന് വർഷമായി ഇവർ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്.പ്രയാധിക്യവും ആരോഗ്യപ്രശ്നങ്ങളും തളർത്തിയിരുന്ന സഹോദരിമാരെ പരിചരിക്കാൻ കഴിയാത്ത് സഹാചര്യത്തിൽ ഇളയ സഹോദരനായ പ്രമോദ് കൊലപ്പെടുത്തിയതാകാമെന്നും നിഗമനമുണ്ട്. പ്രമോദ് തന്നെയായിരുന്നു സഹോദരിമാരെ പരിചരിച്ചിരുന്നത്. എന്നാൽ മൂന്നു പേരും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും പ്രമോദ് നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.തലേ ദിവസം പ്രമോദിനെ കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും അയൽവാസി പറയുന്നു.
മരണ വിവരം പ്രമോദ് തന്നെയാണ് പുലർച്ചയോടെ ബന്ധുക്കളെയും അയൽവാസിയേയും വിളിച്ച് അറിയിച്ചിരുന്നത്. ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും രാവിലെ അഞ്ചരയോടെ പ്രമോദ് ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തി ബന്ധുക്കൾ അന്വേഷിച്ചെങ്കിലും പ്രമോദിനെ കണ്ടെത്താനോ, ഫോണിൽ ബന്ധപ്പെടാനോ സാധിച്ചില്ല. ആദ്യം ഫോൺ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആക്കിയെന്ന സന്ദേശമാണ് ലഭിച്ചത്.
ഇയാൾ ഒളിവിൽ പോയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തടമ്പാട്ടു താഴം മൂലക്കണ്ടി വീട്ടില്‍ പ്രമോദിനെ ( 63 ) കാണുന്നവര്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ നിര്‍ദേശിക്കുന്നു. പ്രമോദിന് സുമാര്‍ 165 സെന്റിമീറ്റര്‍ ഉയരമുണ്ടെന്നും ഇരുനിറമാണെന്നും, മെലിഞ്ഞ ശരീരമാണെന്നും അടയാള വിവരങ്ങളായി ലുക്കൗട്ട് നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ് ഇയാളെന്നും നോട്ടീസില്‍ പറയുന്നു. പ്രമോദിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
പ്രത്യേക സാഹചര്യത്തിൽ സഹോദരൻ പ്രമോദ് പ്രായാധിക്യം ഉള്ളവരും രോഗികളുമായ സഹോദരിമാരെ കൊലപ്പെടുത്തി കടന്നു കളഞ്ഞതാവാനുള്ള സാഹചര്യമാണ് പോലീസ് പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ കൃത്യത്തിന് ശേഷം ഇയാൾ ജീവനൊടുക്കാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടതിനു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.