കൊച്ചി: വൈറ്റില ബാറിലെ ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഔറംഗസീബും സംഘവും എന്ന് പൊലീസ്. ഔറംഗസീബിന്റെ പെൺസുഹൃത്തിനെ ശല്യം ചെയ്തതാണ് പ്രകോപനം ഉണ്ടാക്കിയത്. കേസിൽ മോഡലായ അലീന ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റില ബാറിൽ വടിവാളുമായി എത്തിയാണ് ഔറംഗസീബും സംഘവും ആക്രമണം നടത്തിയത്. എന്നാൽ സംഭവത്തിന് പിന്നാലെ ഔറംഗസീബ് ഒളിവിൽ പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ അൽ അമീൻ, ഷഹിൻ ഷാ എന്നിവരെയാണ് മരട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് മാരകായുധങ്ങളുമായി സംഘം ബാറിൽ എത്തിയത്. ഇവർ മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് വഴിവെക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ബാർ ജീവനക്കാരനെയും സംഘം ആക്രമിച്ചു.