തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ പല വഴി തേടി പൊലീസ്. രാഹുലിന്റെ മൊബൈൽ ഫോണുകൾ സ്റ്റാഫ് അംഗങ്ങളുടെ കൈവശമാണെന്നാണ് സംശയം. ഇടയ്ക്ക് ഫോൺ ഓണാക്കുന്നത് തെറ്റിദ്ധരിപ്പിക്കാനെന്നും പൊലീസിൻ്റെ നിഗമനം. രാഹുൽ ഇന്നലെയും ഇന്നുമായി മൂന്ന് തവണ വാഹനം മാറി സഞ്ചരിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് വിട്ടതിന് ശേഷം തിരികെ എത്തിയോ എന്നതിൽ അവ്യക്തത തുടരുകയാണ്.
രാഹുലിൻ്റെ വിവരങ്ങൾ തേടാൻ സ്പെഷ്യൽ ബ്രാഞ്ച്, ഷാഡോ സംഘങ്ങൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഓൺ ആയിരുന്നു. രാഹുലിൻ്റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റ് ഫസലും ഇന്ന് എംഎൽഎ ഓഫീസിലെത്തിയിട്ടുണ്ട്.
അതേസമയം കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രേഖകൾ സമർപ്പിച്ചെന്ന് രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം.
കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ തള്ളി കൊണ്ടാണ് അതിജീവിതയുടെ നിർണായക മൊഴി. രാഹുലിനെ പരിചയപ്പെടുന്നത് വിവാഹ ബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും യുവതി മൊഴി നൽകി.