ചേരാനല്ലൂർ വാഹനാപകട കേസ്: പ്രതി‌യായ 17കാരൻ്റെ വീട്ടിൽ നിന്ന് എട്ടര ലക്ഷം വിലയുള്ള ആഡംബര ബൈക്ക് പൊലീസ് പിടിച്ചെടുത്തു

ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു
ചേരാനല്ലൂർ വാഹനാപകട കേസ്: പ്രതി‌യായ 17കാരൻ്റെ വീട്ടിൽ നിന്ന് എട്ടര ലക്ഷം വിലയുള്ള ആഡംബര ബൈക്ക് പൊലീസ് പിടിച്ചെടുത്തു
Published on: 
Updated on: 

എറണാകുളം: ചേരാനല്ലൂർ വാഹനാപകട കേസിൽ അതിവേഗ അന്വേഷണ നടപടികളുമായി എസ്ഐടി. ആലുവ കമ്പനിപ്പടിയിലെ ജഡ്ജിയുടെ ഫ്ലാറ്റിൽ എത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രി ഒൻപത് മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലുമണിക്കാണ് അവസാനിച്ചത്. ഏഴുമണിക്കൂറോളം നീണ്ടപരിശോധനയിൽ ഒരു ആഡംബര ബൈക്ക് കസ്റ്റഡിയിൽ എടുത്തു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു.

കേസിൽ ജഡ്ജിക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പൊലീസുമായി കുടുബം ചർച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കുടുംബത്തിൻ്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരെന്ന് ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സിഐ ശ്യാംകുമാർ കെ.എസ്. ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി. വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സിഐ ശ്യാം കുമാർ കെ.എസ്., എസ്എച്ച്ഒ വിശ്വജിത്ത് വി.എസ്., എഎസ്ഐ മനോജ്‌ കെ.ടി., സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.

News Malayalam 24x7
newsmalayalam.com