

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതികളെ ഇന്ന് കേരളത്തിൽ എത്തിക്കും. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ മാതൃ സഹോദരി, ഭർത്താവ് എന്നിവരെ കോവളം പൊലീസ് ആന്ധ്രപ്രദേശിൽ നിന്ന് പിടികൂടിയത്. പെൺകുട്ടിയെ ചൂഷണം ചെയ്ത രണ്ട് സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്ക് കണ്ടെത്തിയാൽ പ്രതിയാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷമാണ് പതിനാറുകാരിയെ കോവളത്തെ സ്പായിൽ എത്തിച്ചത്. പെൺകുട്ടിയെ സ്പായിൽ എത്തിച്ച മാതൃ സഹോദരി, ഇവരുടെ ഭർത്താവ് എന്നിവരെ ഇന്നലെ ആന്ധ്രപ്രദേശിൽ നിന്നും പിടികൂടി. പ്രതികളെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്പാ നടത്തിപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കേസിൽ പ്രതിയാക്കുമെന്നും പൊലീസ് അറിയിച്ചു.
കോർപ്പറേഷൻ വിഴിഞ്ഞം ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്പാകളുമായി അടുത്ത ബന്ധനുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. സ്പാകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് അനുമതി നൽകേണ്ടത് കോർപ്പറേഷനാണ്. അതിനിടെ പെൺകുട്ടിയെ ചൂഷണം ചെയ്ത ആയുർ കേരളം, ഡ്രീംഹൌസ് എന്നീ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് ഇടപാടിനെത്തിയ ആളുകളെ കണ്ടെത്താനാണ് പൊലീസ് നീക്കം.