കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ പൊലീസ് പിടികൂടിയത്. മോഡലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണെന്നും ഇവർ സിനിമാപ്രവർത്തകർക്ക് ലഹരി വിതരണം ചെയ്തിരുന്നെന്നുമാണ് വിവരം.
വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ഇരുവരുടെയും ലഹരി ഇടപാടുകൾ. കല്യാണിയുടെ ഫോൺ പരിശോധിച്ചപ്പോൾ സിനിമാപ്രവർത്തകരുമായി ബന്ധമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. കല്യാണിയുടെ പേരിൽ ചേർത്തലയിൽ എൻഡിപിഎസ് കേസുണ്ട്. കാപ്പ കേസ് പ്രതിയാണ് ഉനൈസ്.