

കോഴിക്കോട്: ചെലവൂരിൽ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം സ്വയം ജീവനൊടുക്കിയ അദിനാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ്. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. അദിനാന്റെ മൊബൈൽ ഫോണും പൊലീസ് വിശദമായി പരിശോധിക്കും. നസ്രീനയോട് അദിനാന് വൈരാഗ്യം ഉണ്ടായിരുന്നതായാണ് അന്വേഷണം സംഘത്തിന്റെ വിലയിരുത്തൽ. കൊല്ലപ്പെട്ട നസ്രീനയുടെ കബറടക്കം ഇന്ന് പൊന്നാനി കോടഞ്ചേരി ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും.
ശ്വാസം മുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. ശ്വാസംമുട്ടിയാണ് അദിനാനും മരിച്ചത് എന്ന് അദിനാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസമായിരുന്നു സഹോദരിമാരുടെ മക്കളായ നസ്രീന, അദിനാൻ എന്നിവരെയായിരുന്നു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അദിനാൻ സ്ഥിരം പ്രശ്നക്കാരനാണെന്നും ലഹരി ഉപയോഗവും മോഷണവും ശീലമാണെന്നും പൊലീസ് പറഞ്ഞിരുന്നു. നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയതിനെ തുടർന്ന് നസ്രീനയുടെ വീട്ടിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്. കള്ളതാക്കോൽ ഉപയോഗിച്ചാണ് അദിനാൻ വീട്ടിൽ കയറിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.