മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വേർപാട് വലിയ വേദന ഉണ്ടാക്കുന്നുവെന്ന് പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതി. പെമ്പിളൈ ഒരുമൈ സമരകാലത്ത് സമരപന്തലിൽ വന്ന ഏക നേതാവായിരുന്നു വിഎസ്. പാർട്ടി വിലക്ക് ലംഘിച്ചാണ് വിഎസ് അന്ന് സമരപ്പന്തലിൽ എത്തിയത്. അദ്ദേഹത്തിൻ്റെ ഇടപെടൽ വലിയ രീതിയിൽ ഗുണം ചെയ്തുവെന്നും ഗോമതി പ്രതികരിച്ചു. രോഗം മൂർച്ഛിച്ച കാലത്ത് കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ നടന്നില്ല. ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന നേതാവായിരുന്നു വിഎസെന്നും ഗോമതി പ്രതികരിച്ചു.
വിഎസിൻ്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിച്ചു. അവിടെ പൊതുദർശനം പുരോഗമിക്കുകയാണ്. അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് എകെജി സെൻ്ററിലേക്ക് എത്തുന്നത്. പൊതുദർശനത്തിന് ശേഷം രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.