
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട താമരശേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ആബിദ് അടിവാരത്തിനെതിരെയാണ് താമരശേരി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ പ്രവർത്തകൻ പി.പി. സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
വിഎസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നു. ആബിദിൻ്റെ താമരശ്ശേരിയിലെ സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റർ പതിച്ചിരുന്നു.
വിഎസിനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെയും കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക വൃന്ദയ്ക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പൊലീസ് ആക്ടും, ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.