കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിന് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന് പിന്നാലെയാണ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനെതിരെ പോസ്റ്ററുകൾ പതിച്ചത്. നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹനെതിരെ ശ്രീകണ്ഠാപുരത്താണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. രാഹുലിനെ നിയമസഭയിലെത്തിക്കാൻ കൂട്ടുനിന്ന നേമം ഷമീറിനൊപ്പമുള്ള ചിത്രം വിജിൽ മോഹൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഹു കേയേഴ്സ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ.കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി.വി സതീഷ്, മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറ് പേർ രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. രാഹുലിൻ്റെ അമ്മയുടെ ആരോഗ്യ അവസ്ഥ മോശമായതു കൊണ്ട് നടത്തിയ സന്ദർശനമാണ് എന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. ഇന്നലെയായിരുന്നു സന്ദർശനം. മണ്ഡലത്തിലേക്ക് വരുന്ന കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം.
ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ സന്ദർശനം നടത്തി. പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറന്നപ്പോഴായിരുന്നു ദർശനം നടത്തിയത്. വീടിന് അടുത്തുള്ള അമ്പലത്തിൽ നിന്നുമാണ് കെട്ട് നിറച്ച് ഇന്നലെ രാത്രിയിലാണ് പമ്പയിൽ നിന്നും മല ചവിട്ടിയത്.