എറണാകുളം: കോൺഗ്രസിൽ കൊച്ചി സീറ്റിനായി പോസ്റ്റർ യുദ്ധം. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി എന്ന പേരിൽ ദീപ്തി മേരി വർഗീസിൻ്റെ പോസ്റ്ററുകൾ അടിച്ചതിന് പിന്നാലെ മുഹമ്മദ് ഷിയാസിന്റെ പേരിലും പോസ്റ്ററുകൾ. സീറ്റിന് വേണ്ടിയുളള നേതാക്കളുടെ വടംവലി ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കൊച്ചി നിയോജക മണ്ഡലം സ്ഥാനാർഥി പ്രഖ്യാപനം വരും മുന്നേ പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷിയാസിനെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. സ്ഥാനാർഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മണ്ഡലത്തിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും മണ്ഡലം ഭാരവാഹികളും ചേർന്നാണ് ഷിയാസിനായി പോസ്റ്ററുകൾ തയ്യാറാക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നുകഴിഞ്ഞാൽ ഉടൻ പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
നേരത്തെ ദീപ്തി മേരി വർഗീസിന് വേണ്ടിയും മണ്ഡലത്തിൽ പോസ്റ്റർ ഉയർന്നിരുന്നു. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്‌തം' എന്ന പേരിലാണ് ദീപ്തിക്കായി പോസ്റ്ററുകൾ ഒരുങ്ങിയത്. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് കാണിക്കുന്ന പോസ്റ്ററിന്റെ ചിത്രങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.