

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, ഇന്ന് വൈകിട്ട് 6:45 മുതൽ രാത്രി 12:45 മണി വരെയുള്ള പീക് സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ രാജ്യത്താകമാനം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ആനുപാതികമായി സംസ്ഥാനത്തും പീക്ക് സമയങ്ങളിലെ ഉപഭോഗം 800 മെഗാവാട്ട് മുതൽ 900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ച ഉന്നതതല യോഗത്തിലും, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ചാണ് വൈദ്യുതി നിയന്ത്രണം സംബന്ധിച്ച കെഎസ്ഇബി വാര്‍ത്താക്കുറിപ്പ്.