തിരുവനന്തപുരം: സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാവ് കെ. പ്രകാശ് ബാബു. പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ബേബിയെ ഫോണിൽ വിളിച്ചാണ് ഖേദം അറിയിച്ചത്. ബേബിയോട് പിഎം ശ്രീ വിവാദത്തിൽ ഇടപെട്ടതിന് നന്ദിയും അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്നും നേരിട്ട് കാണണമെന്നുണ്ടെന്നും പ്രകാശ് ബാബു ബേബിയോട് പറഞ്ഞു. എന്നാൽ, ചെന്നൈയിലേക്കുള്ള യാത്രയിൽ ആയതിനാൽ പിന്നീട് നേരിൽ കാണാമെന്ന് ബേബി അറിയിച്ചു.
അടുത്ത സൗഹൃദബന്ധം ഉള്ളവരാണ് ഞങ്ങളെന്ന് എം.എ. ബേബി ന്യൂസ് മലയാളത്തോട് പറഞ്ഞു. വിജയവും പരാജയവും പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. സിപിഐഎമ്മും സിപിഐയും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. പിഎം ശ്രീ പദ്ധതി റദ്ദാക്കണമെന്ന ആവശ്യത്തിൽ നിന്ന് സിപിഐയും പിന്നോക്കം പോയി. സിപിഐയുടെ ഭാഗം കേട്ടു. സിപിഐഎമ്മിന്റെ നിലപാടും വ്യക്തമാക്കി. അതനുസരിച്ചാണ് കൂട്ടായ തീരുമാനമെടുത്തത്. ഇടതുമുന്നണിക്ക് തകർച്ച സംഭവിച്ചില്ല എന്നുള്ളതാണ് പ്രധാന കാര്യമെന്നും ബേബി പറഞ്ഞു.
പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ എം.എ. ബേബിയുടെ മൗനം വേദനിപ്പിച്ചെന്നായിരുന്നു പ്രകാശ് ബാബുവിൻ്റെ പ്രതികരണം.