ഗുണ്ടകളെ നേതാവാക്കിയാല്‍ ഇതാകും ഫലമെന്ന് സുരേഷ് ബാബു; ആര്‍ഷോയെ വെള്ളപൂശാന്‍ നോക്കേണ്ടെന്ന് കൃഷ്ണകുമാര്‍

പ്രശാന്ത് ശിവനെ പോലുള്ളവരെ മാറ്റി നിര്‍ത്തണമെന്നും ഇയാളെയൊക്കെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആക്കിയാലുള്ള അവസ്ഥ എന്താകുമെന്നും സുരേഷ് ബാബു
പ്രശാന്ത് ശിവൻ, ആർഷോ
പ്രശാന്ത് ശിവൻ, ആർഷോ
Published on

പാലക്കാട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ തള്ളിയതില്‍ രാഷ്ട്രീയ വിവാദം. ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് മാത്രമല്ല ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും രാഷ്ട്രീയ പ്രവര്‍ത്തനമെന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം.

ഗുണ്ടകളെ നേതാവാക്കിയാല്‍ ഇതാകും ഫലമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചു. നിലവാരമില്ലാത്ത ഇത്തരം ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കരുത്. പ്രശാന്ത് ശിവനെ പോലുള്ളവരെ മാറ്റി നിര്‍ത്തണമെന്നും ഇയാളെയൊക്കെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആക്കിയാലുള്ള അവസ്ഥ എന്താകുമെന്നും സുരേഷ് ബാബു ചോദിച്ചു.

ആര്‍ഷോയ്‌ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണ കുമാറും രംഗത്തെത്തി. എഐഎസ്എഫിലെ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചയാളാണ് ആര്‍ഷോ. ആ ആര്‍ഷോയെ സിപിഐഎം ജില്ലാ സെക്രട്ടറി എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും സാധിക്കില്ല.

പ്രശാന്ത് ശിവൻ, ആർഷോ
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കയ്യാങ്കളി; പിന്നാലെ സോഷ്യല്‍മീഡിയയില്‍ പോര്‍ വിളിച്ച് സിപിഐം ബിജെപി അണികള്‍

ആരാണ് ഗുണ്ടകളെ സംരക്ഷിക്കുന്നത് എന്നും ആരാണ് ഇത്തരം മാഫിയകള്‍ക്ക് പിന്നിലുള്ളത് എന്നും പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം. 'എടോ പ്രശാന്ത് ശിവാ' എന്ന് വിളിച്ചാല്‍ കേട്ടിട്ട് വരാന്‍ പ്രശാന്ത് മാത്രമല്ല, ബിജെപിയുടെ ഒരു നേതാക്കളും നില്‍ക്കില്ല.

ഇങ്ങോട്ട് മാന്യമായി പെരുമാറിയാല്‍ നാല് മടങ്ങ് മാന്യമായി അങ്ങോട്ടും പെരുമാറും. അപമര്യാദയായി പെരുമാറിയാല്‍ അങ്ങോട്ടും അതേ രീതിയിലായിരിക്കും പെരുമാറ്റം. എല്ലാ തെരഞ്ഞെടുപ്പു കാലത്തും സംഘര്‍ഷം ഉണ്ടാക്കുന്നവരാണ് സിപിഐഎം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആലത്തൂര്‍ ഉള്‍പ്പെടെ എന്താണ് സംഭവിച്ചത്. എതിരാളികളെ കസേര എടുത്തു വരെ അവിടെ അടിച്ചു. സിപിഐഎം നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. പാലക്കാട് നഗരസഭയില്‍ പത്ത് സീറ്റ ജയിച്ചാല്‍ സിപിഐഎം പറയുന്നത് കേള്‍ക്കാം. ഏഴില്‍ നിന്ന് എത്ര താഴോട്ട് പോകും എന്ന് നോക്കിയാല്‍ മതിയെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന മനോരമ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സിപിഐഎം പ്രതിനിധി പിഎം ആര്‍ഷോയും പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com