

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പുന്നപ്ര സ്വദേശിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതിൽ ശസ്ത്രക്രിയ നടത്തിയ സംഘത്തിന് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യ വകുപ്പിന് സമർപ്പിച്ചു. നാലംഗ വിദഗ്ധ ഡോക്ടർമാരുടെ അന്വേഷണത്തിനു ശേഷമാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സമയം ആയതു കൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നും ഡിസ്ചാർജ് ആയ ശേഷം ഉഷ ജോസഫ് പിന്നീട് വന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികിത്സാ പിഴവ് ഉണ്ടായതായി ആശുപത്രി സൂപ്രണ്ടും സമ്മതിച്ചിരുന്നു. നിലവിൽ സർവീസിലുള്ള ഡോക്ടർ ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. വിഷയം ഗൗരവതരമായി എടുക്കുന്നു എന്നും, പരിമിതികളുണ്ടായിരുന്നു എന്നും സൂപ്രണ്ട് സമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ രോഗി പരിശോധനയ്ക്ക് വന്നില്ല. കഴിഞ്ഞ ദിവസമാണ് ഉഷ വീണ്ടും ആശുപത്രിയിൽ എത്തിയത്. അഡ്മിറ്റ് ആകാൻ പറഞ്ഞിരുന്നു എങ്കിലും, അവർ അതിന് തയ്യാറായില്ലെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കിയത്.
കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും, സർക്കാർ കുടുംബത്തിനൊപ്പം ആണെന്നും ആരോഗ്യ വീണ ജോർജും വ്യക്തമാക്കിയിരുന്നു. അതേസമയം, ഉഷ ജോസഫിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് അമൃത ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ അറിയിച്ചു. ഇന്ന് സിടി സ്കാൻ ചെയ്ത് ഉപകരണത്തിൻ്റെ പൊസിഷൻ മനസിലാക്കും. ശേഷം ശസ്ത്രക്രിയ സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ഉഷയെ നിലവിൽ ഗ്യാസ്ട്രോ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നാണ് വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചെന്നപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്നുമാണ് ഉഷാ ജോസഫ് പറയുന്നത്.