പാലക്കാട്: അട്ടപ്പാടിയിൽ സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് അടിയേറ്റാണ് ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലയോട്ടിയിലേറ്റ പൊട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വിറകു കമ്പുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതാണെന്ന് രണ്ടാം ഭർത്താവായ പഴനി സമ്മതിച്ചിരുന്നു. വിറകു ശേഖരിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയ ശേഷം ഭാഗികമായി അന്നു തന്നെ കുഴികുത്തി മൂടി. രണ്ടു ദിവസത്തിനു ശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തറിയുന്നത്.
രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. മൃതദേഹം വനത്തിൽ കുഴിച്ചിട്ട ശേഷം പഴനി രക്ഷപ്പെടുകയായിരുന്നു. ആഞ്ചക്കകൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ഉൾവനത്തിൽ ആണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. വള്ളിയമ്മയെ കൊന്നു കുഴിച്ചിട്ടുവെന്ന് പഴനി പറഞ്ഞ സ്ഥലം പൊലീസ് കണ്ടെത്തിയിരുന്നു.