"നിപയിൽ മുൻ സർക്കാരിൻ്റെ ജാഗ്രത ഇപ്പോഴില്ല, പകർച്ചവ്യാധി പടരുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുന്നത് അസാധാരണ നടപടി"; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ശാപവാക്കുകൾ പറഞ്ഞ് കയ്യടി വാങ്ങിച്ചവരെ പോലെയല്ല മുൻ സർക്കാർ മഹാമാരികളെ കൈകാര്യം ചെയ്തതെന്നും പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻSource: FB
Published on
Updated on

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് വിമർശനം. മുൻ സർക്കാരിൻ്റെ കാലത്തെ ജാഗ്രത ഇപ്പോൾ കാണുന്നില്ല. പകർച്ചവ്യാധി പടരുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുന്നത് അസാധാരണ നടപടിയാണ്. മുഖ്യമന്ത്രി കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനമെന്നും പിണറായി വിജയൻ ചോദിച്ചു.

എരണം കെട്ടവർ നാട് ഭരിച്ചാൽ മുടിയുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ മുൻ പരാമർശത്തിന് പിണറായി വിജയൻ മറുപടി നൽകി. ശാപവാക്കുകൾ പറഞ്ഞ് കയ്യടി വാങ്ങിച്ചവരെ പോലെയല്ല മുൻ സർക്കാർ മഹാമാരികളെ കൈകാര്യം ചെയ്തത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായി കാണുമെന്നും പിണറായി വിജയൻ പ്രതികരിച്ചു.

വന്യജീവി ആക്രമണം

വനംവകുപ്പിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം നടത്തി. വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഉദാസീന സമീപനമാണുള്ളത്. മൂന്ന് ആഴ്ചയ്ക്കിടെ ആറ് ജീവനുകൾ പൊലിഞ്ഞു. പരിഹാരം ചോദിക്കുമ്പോൾ വനം മന്ത്രി പരിഹസിക്കുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. സാധാരണക്കാരൻ്റെ ജീവൻ്റെ പ്രശ്നത്തിൽ പരിഹാസമെന്നും പ്രതിപക്ഷ നേതാവിൻ്റെ ആക്ഷേപം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പത്മകുമാറിൻ്റെ വെളിപ്പെടുത്തൽ: ശബരിമല യുവതീപ്രവേശന സമയത്ത് മാറ്റിനിർത്തിയിട്ടില്ലെന്ന് പിണറായി; മറുപടി പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദൻ

കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിൽ അതൃപ്തി

വി.ഡി. സതീശൻ കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിൽ അതൃപ്തിയും പിണറായി വിജയൻ പ്രകടിപ്പിച്ചു. വസതി മാറ്റം നീളുന്നത് ക്ലിഫ് ഹൗസിൽ അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടെന്നാണ് വിവരം. കഴിയുന്ന വേഗത്തിൽ താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എപ്പോഴാണ് മുഖ്യമന്ത്രി പോകുന്നത് എന്നറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള

ശബരിമല സ്വർണക്കൊള്ള അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് പിണറായി വിജയൻ വിമർശിച്ചു. ദേവസ്വം പ്ലീഡർ സ്ഥാനത്ത് നിന്നുള്ള കെ.ബി. പ്രദീപിന്റെ രാജിയോടെ എല്ലാം അവസാനിച്ചിട്ടില്ല. നിയമിച്ചത് പ്രതികളുടെ താത്പര്യത്തിനായി നിലപാടെടുത്ത ആളെയാണ്. നിയമനം ലഭിച്ച് ഇരുന്ന ഒരു ദിവസം ഏതൊക്കെ കടലാസുകൾ വക്കീലിൻ്റെ കൈവശം എത്തിയെന്നതിൽ അന്വേഷിക്കണം വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
"ഇത് ആളെ പറ്റിക്കൽ"; സൗജന്യ കെഎസ്ആർടിസി യാത്ര ഉദ്ഘാടനത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും

ബിനോയ് വിശ്വത്തിന് മറുപടി

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അവതാരങ്ങൾ തേടിയെത്തിയോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ ബിനോയ് വിശ്വത്തിന് രൂക്ഷമറുപടിയുമായി പിണറായി വിജയൻ. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ അവതാരങ്ങൾ കടന്നുകൂടിയിരുന്നോ എന്ന് ആദ്യം പരിശോധിക്കണം എന്ന് പിണറായി വിജയൻ പറഞ്ഞു.

വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്...

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് തെറ്റായി കാണുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിപ്പോയെന്ന് സിപിഐഎം തെറ്റുതിരുത്തൽ രേഖ പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളി പറഞ്ഞത് മുസ്ലീം സമുദായത്തിന് എതിരായിരുന്നു. പാർട്ടി വേണ്ട വിധത്തിൽ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല എന്നാണ് കണ്ടെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇനി കണ്ണട വേണ്ട!

കണ്ണട വയ്ക്കാത്തതെന്തെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കണ്ണിൻ്റെ ചികിത്സ നടത്തിയത് കൊണ്ടാണ് കണ്ണട ഉപയോഗിച്ചതെന്ന് പിണറായി വിജയൻ മറുപടി നൽകി. വായിക്കാൻ പ്രയാസം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ട എന്ന് പറഞ്ഞു. അതുകൊണ്ടാണ് കണ്ണട ഒഴിവാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com