

തിരുവനന്തപുരം: സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്ന് ബസ് ഉടമകളും ജീവനക്കാരും. ഗണ്യമായ കുറവ് വരുമാനത്തിൽ ഉണ്ടായെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്നും ജീവനക്കാർ.
പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ബസുകൾ സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ സ്വകാര്യബസുകളിലേക്ക് യാത്രക്കാർ കയറുന്നതിൽ വലിയ കുറവുണ്ടായെന്നാണ് ജീവനക്കാർ പറയുന്നത്. കുടുംബവുമായി യാത്ര ചെയ്യാൻ എത്തുന്നവർ സ്ത്രീകളുടെ സൗജന്യ യാത്ര പരിഗണിച്ച് കെഎസ്ആർടിസി ബസുകളിൽ കയറുന്നുവെന്നും ജീവനക്കാർ ആരോപിച്ചു. പല റൂട്ടുകളിലെയും സർവീസുകളും ബസുകളും നിർത്തേണ്ട സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. നൂറുകണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമെന്ന് തൊഴിലാളി സംഘടനകളും പറയുന്നു.
സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസൽ വില വർധനവിലും പ്രിയദർശിനി സൗജന്യ യാത്രയും മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ തിരിച്ചടിയുടെ തോത് കുറയ്ക്കാൻ ആയിരുന്നു പ്രഖ്യാപനം. എന്നാൽ നികുതി ഇളവ് കൊണ്ട് മാത്രം നിലവിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും അടിയന്തരമായി സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.