കൊച്ചി: പ്രൊഫ. എം. ലീലാവതിക്ക് പ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചർ രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്കാരം സമർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ലീലാവതി ടീച്ചർ ലാളിത്യം പുലർത്തുന്നയാളാണ്. 98 വയസുള്ള ടീച്ചറുടെ പോലെ ദിനചര്യ മറ്റാർക്കും ഉണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു. എറണാകുളത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യ രാഹുലിൻ്റെയും പ്രിയങ്കയുടേയും കൈകളിൽ സുരക്ഷിതമെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം. ലീലാവതിയും പറഞ്ഞു. ഇന്ദിരാ ഗാന്ധിയിൽ നിന്ന് തനിക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ച് മകൻ രാഹുൽ ഗാന്ധിയിൽ നിന്നും പുരസ്കാരം ലഭിച്ചു. സമീപ ഭാവിയിൽ രാഹുലും പ്രിയങ്കയും കൂടുതൽ അധികാര സ്ഥാനങ്ങളിലേക്ക് വരട്ടെയെന്നും ലീലാവതി പറഞ്ഞു. അവാർഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് കൈമാറുന്നതായി ലീലാവതി അറിയിച്ചു.
മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും സാഹിത്യനിരൂപകന്‍ ഡോ. പി കെ രാജശേഖരന്‍, എഴുത്തുകാരി കെ.എ. ബീന, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാരനിര്‍ണയ സമിതിയാണ് ലീലാവതിയെ ജേതാവായി തെരഞ്ഞെടുത്തത്.