
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ. സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. കഴിഞ്ഞ മാസം വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.
വീഴ്‌ചയിൽ അദ്ദേഹത്തിൻ്റെ വലതു തുടയെല്ലിനും കഴുത്തിനും ഇടുപ്പെല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പ്രൊഫസര്‍ എം.കെ. സാനു. 1987ൽ എറണാകുളത്ത് നിന്നും നിയമസഭയിലേക്ക് വിജയിച്ചു. ഓർമയാകുന്നത് മലയാള സാംസ്ക്കാരിക ലോകത്തെ ഏറ്റവും തലമുതിർന്ന അതികായനാണ്.