ഓപ്പറേഷൻ തൂഫാനു പിന്നാലെ 'പ്രോജക്റ്റ് സീറോ - വിജിലൻസ് വിസിൽ'; അഴിമതിക്കെതിരെ പുതിയ ദൗത്യം

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ
ഓപ്പറേഷൻ തൂഫാനു പിന്നാലെ 'പ്രോജക്റ്റ് സീറോ - വിജിലൻസ് വിസിൽ';  അഴിമതിക്കെതിരെ പുതിയ ദൗത്യം
Published on
Updated on

ഓപ്പറേഷൻ തൂഫാന്റെ വിജയത്തിന് പിന്നാലെ അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്നുള്ള 'പ്രോജക്റ്റ് സീറോ - വിജിലൻസ് വിസിൽ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ചലച്ചിത്ര താരം നിവിൻ പോളിയും ചേർന്ന് വിജിലൻസ് വിസിൽ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യ വിജിലൻസ് കമാൻഡോ ആയി മാറുന്ന നിവിൻ പോളി യുവജനങ്ങൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ സുതാര്യമായ ഒരു കേരളം വാർത്തെടുക്കുക എന്നതാണ് പ്രൊജക്റ്റ് സീറോയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ 'വിജിലൻസ് കമാൻഡോകൾ' ആയി അണിനിരത്തുകയും, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിജിലൻസ് മാന്വലും കാലോചിതമായി പരിഷ്കരിച്ചിരുന്നു.

അഴിമതി സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പരിലൂടെ റിപ്പോർട്ട് ചെയ്യാം. വിവരം നൽകുന്നവരുടെ ഔദ്യോഗിക വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. യുവജനതയുടെ നേതൃത്വത്തിലുള്ള ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കുചേരുന്നതിനുമായി www.vigilance.kerala.gov.in സന്ദർശിക്കുകയോ പുറത്തിറക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാവുന്നതാണ്.

News Malayalam 24x7
newsmalayalam.com