

തിരുവനന്തപുരം: കോഴിക്കോട് എസ്.എം.എ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായി നടത്തുന്ന ക്യാംപെയിനിനോടുള്ള ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ പ്രസ്താവന വിവാദമാകുന്നു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണെന്നും ആളുകൾക്കിടയിൽ സംശയമുളവാക്കിയെന്നും എസ്.എം.എ ചികിത്സാ സഹായ സമിതി വിമർശിച്ചു.
"ഈ മരുന്ന് സർക്കാർ സൗജന്യമായി നൽകുന്നില്ല. തുക സമാഹരിച്ചാൽ മാത്രമേ ചികിത്സ പൂർത്തിയാക്കാൻ സാധിക്കൂ. മരുന്ന് വിദേശത്ത് നിന്നും എത്തിക്കണം. സർക്കാർ സൗജന്യമായി നൽകുന്ന മരുന്ന് ഇപ്പോഴും കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. ചികിത്സയ്ക്ക് ശേഷവും മരുന്ന് നൽകണം. തെറ്റായ പ്രസ്താവന ആരോഗ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു," ചികിത്സാ സഹായ സമിതി പ്രതികരിച്ചു.
എസ്.എം.എ മരുന്ന് സംബന്ധിച്ച പ്രസ്താവന ആരോഗ്യമന്ത്രി അടിയന്തരമായി തിരുത്തണമെന്ന് തിരുവമ്പാടി മുൻ എംഎൽഎ ലിൻ്റോ ജോസഫ് ആവശ്യപ്പെട്ടു. എസ്.എം.എ ജീൻ തെറാപ്പി മരുന്നും സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നും തമ്മിലുള്ള വ്യത്യാസം അറിയാതെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന ക്യാംപെയിനിനെ പ്രതികൂലമായി ബാധിക്കുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.
"ജീൻ തെറാപ്പി ഒറ്റത്തവണ മാത്രം നൽകുന്ന ചികിത്സയാണ്. 16 മുതൽ 18 കോടി രൂപ വരെയാണ് സോൾജൻസ്മ (Zolgensma) എന്ന മരുന്നിന് ചെലവ് വരുന്നത്. ഈ ചികിത്സ നിലവിൽ സർക്കാർ സൗജന്യമായി നൽകുന്നില്ല. സർക്കാർ നൽകുന്നത് രോഗത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിനുള്ള റിസ്ഡിപ്ലാം (Risdiplam) മരുന്നാണ്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും ക്യാംപെയിനിനെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. അടിയന്തരമായി പ്രസ്താവന തിരുത്തി മന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കണം," ലിൻ്റോ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.