തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾക്ക് പൊലീസിന്റെ ക്രൂരമർദനം നേരിട്ട തെളിവുകൾ പുറത്തുവന്നിട്ടും അതിനെതിരെ സംസ്ഥാനതലത്തിൽ സമരം നയിക്കാൻ ആളില്ലാതെ പോയതിനെതിരെ ഭാരവാഹികൾ ഭൂരിഭാഗവും രംഗത്തെത്തുകയാണ്. നയിക്കാൻ ആളെ നിയമിക്കാൻ പറ്റിയില്ലെങ്കിൽ എന്തിനീ പ്രസ്ഥാനം മുന്നോട്ടു പോകണം എന്നുള്ളതാണ് ഭാരവാഹികൾ ഉന്നയിക്കുന്ന ചോദ്യം.
അധ്യക്ഷൻ ഇല്ലാതായതോടെ സംസ്ഥാനതലത്തിൽ സമരം നയിക്കാൻ ആകാത്ത വിധം പ്രതിസന്ധിയിലാണ് യൂത്ത് കോൺഗ്രസ്. സമരം ആര് പ്രഖ്യാപിക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം. അധ്യക്ഷൻ ഇല്ലാതായി രണ്ടാഴ്ച പിന്നിടുമ്പോഴും താൽക്കാലിക ചുമതല പോലും ആർക്കും നൽകാൻ ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് പോരാണ് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദന ആയിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷനെ നിയമിക്കാത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ഇപ്പോൾ നാഥനില്ല കളരിയാണെന്നും, ഒന്നുകിൽ യൂത്ത് കോൺഗ്രസ് പിരിച്ചുവിടണം, അല്ലെങ്കിൽ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണമെന്നും ജഷീർ പള്ളിവയൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസമയം യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരികയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പ് നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് തീരുമാനം.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്കും ഇവർ താമസിക്കുന്ന സ്ഥലങ്ങളിലേക്കും മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് തൃശ്ശൂർ ഡിസിസി ഓഫീസിൽ ഇന്ന് നേരിട്ട് എത്തി മർദ്ദനമേറ്റ സുജിത്തിനെ സന്ദർശിക്കും.