പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ സമരത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകം. യുവതീ പ്രവേശനം തടയാൻ തന്ത്രി കണ്ഠര് രാജീവരെ താനാണ് ഉപദേശിച്ചത്. ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കാനും ശുദ്ധികലശത്തിനും തന്ത്രിക്ക് അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും പി.എസ്. ശ്രീധരൻപിള്ള പുസ്തകത്തിൽ പറയുന്നു. യുവതീ പ്രവേശന വിധിയിൽ സുപ്രീം കോടതി തന്ത്രിക്ക് നിർദേശം നൽകിയില്ലെന്നും ബോധ്യപ്പെടുത്തി. സാറിൻ്റെ ഉറപ്പു മതിയെന്ന് തന്ത്രി പറഞ്ഞതായും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. 'ശബരിമലസമരവും സുവർണാവസര വിധിയും' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും.
ആക്ടിവിസ്റ്റ് രഹന ഫാത്തിമ പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് എത്തിയ സാഹചര്യത്തിലാണ് തന്ത്രിയെ ബന്ധപ്പെടാൻ നിർദ്ദേശം ലഭിച്ചത്. ഒരു പ്രമുഖ ഹിന്ദു സമുദായ നേതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് തന്ത്രിക്ക് നിയമോപദേശം നൽകിയത്. നടയടച്ച് ശുദ്ധികലശം നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് തന്ത്രിയെ ബോധ്യപ്പെടുത്തി. സുപ്രീം കോടതി വിധിയിൽ നടയടയ്ക്കുന്നത് സംബന്ധിച്ച് പരാമർശമില്ലാത്തതിനാൽ കോടതി അലക്ഷ്യം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി.
ഇതിന്റെ പേരിൽ അറസ്റ്റ് ഉണ്ടായാൽ താനും ലക്ഷക്കണക്കിന് ഭക്തരും അത് നേരിടാൻ തയ്യാറാണെന്ന് തന്ത്രി അറിയിച്ചു. ഈ ഉറപ്പ് ലഭിച്ചതോടെയാണ് തന്ത്രിക്ക് ആത്മവിശ്വാസം ലഭിച്ചത്. രഹന ഫാത്തിമ നടപ്പന്തലിന് അടുത്തെത്തിയപ്പോഴാണ് നടയടച്ച് ശുദ്ധികലശം നടത്താൻ തീരുമാനിച്ചതെന്നും പുസ്തകത്തിൽ പി.എസ്. ശ്രീധരൻപിള്ള പറയുന്നു. അയ്യപ്പന്റെ നിയോഗം നടപ്പിലാക്കാൻ തനിക്ക് ലഭിച്ച ഒരു 'സുവർണാവസര'മായാണ് ഈ സംഭവത്തെ ശ്രീധരൻ പിള്ള തന്റെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലുമുള്ള തന്റെ ഇടപെടലുകളാണ് അന്ന് ശബരിമലയിൽ നിർണായകമായതെന്നും അദ്ദേഹം പറയുന്നു. പ്രകാശനത്തിന് മുന്നോടിയായി പുസ്തകം തന്ത്രിക്ക് നൽകാൻ പി.എസ്. ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തിയിരുന്നു.