തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആരംഭിക്കാന്‍ ആഭ്യന്തര വിജിലന്‍സ്. എസ്‌പി സിനി എഫ്. ഡെന്നീസിനാണ് അന്വേഷണ ചുമതല. ഇദ്ദേഹം കൊല്ലം, പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ്‌പിയാണ്. ഇന്ന് ആഭ്യന്തര വിജിലന്‍സ് എസ്‌പിയായി സിനി ഡെന്നീസ് ചുമതല ഏറ്റെടുക്കും.
ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ പ്രക്രിയ ക്രമവിരുദ്ധമെന്ന പരാതി സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചായിരുന്നു ആരോപണം.
പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകൾ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.
ആസൂത്രണ ബോര്‍ഡ് നിയമങ്ങൾക്കായുള്ള പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ വൻ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വിജിലന്‍സിന് അന്വേഷണ ചുമതല നൽകിയത്. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണ് നടത്തിയതെന്നും കണ്ടെത്തിയിരുന്നു.