

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തില്‍ വന്‍ അട്ടിമറി. ആഭ്യന്തര വിജിലന്‍സ് അന്വേഷണം പിഎസ്‌സി ചെയര്‍മാന്‍ മരവിപ്പിച്ചു. എസ്‌പിക്ക് പകരം പിഎസ്‌സി പരീക്ഷ കണ്‍ട്രോളറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിലവിലെ നിര്‍ദേശം.
ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചായിരുന്നു പരാതി ഉയർന്നത്. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്.
മൂന്ന് വർഷം കഴിഞ്ഞിട്ടും മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകളും കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു.