
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. 2025 ജൂലൈ 23ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ പിഎസ്‌സി അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പിഎസ്‍സി ഇന്ന് നടത്താനിരുന്ന പരീക്ഷളും ഇന്റർവ്യൂകളും മാറ്റിയതായി നേരത്തെ അറിയിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‍സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.
വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരിപാടികൾ ഉണ്ടാവില്ല. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും. നാളെ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.