

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷ തട്ടിപ്പിൽ പ്രതിരോധ നീക്കവുമായി പിഎസ്‌സി. നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന നിലപാടിലാണ് പിഎസ്‌സി. ഉത്തര കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളോ, ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ രഹസ്യ വിവരങ്ങളോ കൈമാറേണ്ടതില്ല. പിഎസ്‌സിയുടെ രഹസ്യാത്മകത നഷ്ടപ്പെടും എന്ന വാദം ഉയർത്തിയാണ് വിവരങ്ങൾ നൽകാത്തത്.
അതേസമയം പരീഷാ തട്ടിപ്പിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചതായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇനി പ്രത്യേക പത്തംഗ അന്വേഷണസംഘവുമുണ്ടാകും. സംഘത്തിൽ കമ്പ്യൂട്ടർ വിദഗ്ധരും ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് സിഐയും വനിതാ സിവിൽ പൊലീസുമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് മേധാവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.