സ്‌കൂള്‍ കായിക മേള: പി.ടി. ഉഷയെ ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അതൃപ്തി

ദീപശിഖ ഏറ്റുവാങ്ങി തെളിയിക്കാന്‍ പോകുമ്പോഴാണ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്
സ്‌കൂള്‍ കായിക മേള: പി.ടി. ഉഷയെ ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അതൃപ്തി
Published on: 
Updated on: 

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ദീപശിഖ തെളിയിക്കലില്‍ നിന്നും പി.ടി. ഉഷയെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയുമായി ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷന്‍. ദീപശിഖ തെളിയിക്കുന്നതിനായി വേദിയിലേക്ക് പോയ പി.ടി. ഉഷയില്‍ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി തെളിയിച്ചതാണ് വിവാദത്തിന് കാരണം.

സംസ്ഥാന സ്‌കൂള്‍ മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ പി.ടി. ഉഷയെയാണ് ദീപശിഖ തെളിയിക്കാന്‍ ക്ഷണിച്ചിരുന്നത്. ദീപശിഖാ പ്രയാണം പൂര്‍ത്തിയാക്കി ഉദ്ഘാടന വേദിയില്‍ എത്തിയവരില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി, തെളിയിക്കാന്‍ പോകുമ്പോഴാണ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്.

മധ്യപ്രദേശില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പരിപാടിയില്‍ നിന്നുമാണ് ഉഷ ഈ ചടങ്ങിന് മാത്രമായി എത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ദീപശിഖ തെളിയിച്ചതിലല്ല, ഈ ചടങ്ങിന് വേണ്ടി ക്ഷണിച്ചശേഷം അത് ചെയ്യാന്‍ അനുവദിക്കാത്തതിലാണ് പി.ടി. ഉഷയ്ക്ക് കടുത്ത അതൃപ്തിയുള്ളത്. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചത്.

News Malayalam 24x7
newsmalayalam.com