പ്രവേശനോത്സവം പടിവാതിലില്‍; അടിസ്ഥാന സൗകര്യമൊരുക്കാനാകാതെ പൊതുവിദ്യാലയങ്ങള്‍

സമയബന്ധിതമായി സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതും പിടിഎ ഫണ്ട് പിരിക്കുന്നതിന് നേരിടുന്ന പരിമിതിയുമാണ് പ്രതിസന്ധിക്ക് കാരണം
പ്രവേശനോത്സവം പടിവാതിലില്‍; അടിസ്ഥാന സൗകര്യമൊരുക്കാനാകാതെ പൊതുവിദ്യാലയങ്ങള്‍
Published on

പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിക്കാനിരിക്കെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ബുദ്ധിമുട്ടി സംസ്ഥാനത്തെ ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളും. സമയബന്ധിതമായി സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതും പിടിഎ ഫണ്ട് പിരിക്കുന്നതിന് നേരിടുന്ന പരിമിതിയുമാണ് പ്രതിസന്ധിക്ക് കാരണം. പ്രവേശനോത്സവം മുന്നില്‍ നില്‍ക്കെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും നേടാനാവാത്ത സ്ഥിതിയിലാണ് പല സ്‌കൂളുകളും. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ സഹായം വേണമെന്നും ഫണ്ട് പിരിവിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റികളും പിടിഎകളും ആവശ്യപ്പെടുന്നത്.

പുതിയ അധ്യയന വര്‍ഷത്തിനും പ്രവേശനോത്സവത്തിനും മണിക്കൂറുകള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നമ്മുടെ നാട്ടിലെ ഓരോ വിദ്യാലയങ്ങളും. എന്നാല്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വലിയ പ്രതിസന്ധികളാണ് സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളും നേരിടുന്നത്.

അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിലും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതുമാണ് പൊതുവിദ്യാലയങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുന്‍ വര്‍ഷങ്ങളില്‍ പിടിഎ ഫണ്ട് ഉപയോഗിച്ചായിരുന്നു ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതെങ്കില്‍ ഇന്ന് അതിന് സാധ്യമല്ലാത്ത നിലയിലേക്കെത്തി കാര്യങ്ങള്‍. പിടിഎ ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് 2019ല്‍ പുറത്തിറക്കിയ ഉത്തരവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളുമാണ് തടസ്സമായത്.

സ്വകാര്യ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും തനതായ ഫണ്ടുകള്‍ കണ്ടെത്തിയും സംഭാവനകള്‍ സ്വീകരിച്ചും അധ്യയന വര്‍ഷാരംഭത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പി.ടി.എ അടക്കമുള്ള ഫണ്ടുകള്‍ പിരിക്കുന്നതില്‍ നിയന്ത്രണമുള്ള പൊതുവിദ്യാലയങ്ങള്‍ക്ക് ഇതിന് കഴിയാറില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ വിനയോഗിക്കാമെങ്കിലും അത് ലഭ്യമാകാനുള്ള കാലതാമസവും പലപ്പോഴും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയാകാറുണ്ട്.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പൊതു വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന് മുന്നോടിയായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പണം കണ്ടെത്തിയാണ് പലപ്പോഴും ആവശ്യങ്ങള്‍ നിറവേറ്റുന്നത്. പക്ഷെ പ്രയാസം നേരിടുന്ന സ്‌കൂളുകളില്‍ പിടിഎകളും എസ്.എം.സികളും കണ്ടത്തുന്ന പണം പലപ്പോഴും ആവശ്യങ്ങള്‍ക്ക് തികയാറില്ല. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹായം ലഭിക്കുന്ന സ്‌കൂളുകള്‍ക്ക് പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആകും. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ അടക്കമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരം വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുക എളുപ്പമാകില്ല.

കാലാവസ്ഥ പ്രതികൂലമല്ലെങ്കില്‍ നാളെ സ്‌കൂളുകള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസാന മണിക്കൂറുകളിലും പല വിദ്യാലയങ്ങളിലും ഇനിയും ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ലഭിക്കേണ്ട സാമ്പത്തിക സഹായം വേഗത്തില്‍ വിതരണം ചെയ്യുകയോ പിടിഎ ഫണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ തീരുമാനത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആകില്ലെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com