മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. തൃണമൂൽ ബന്ധം ഉപേക്ഷിച്ചാണ് അൻവറിൻ്റെ നീക്കം. തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജി വയ്ക്കുമെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കളമശേരിയിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഐഎം വിമതരുമായി ചർച്ച നടത്തുമെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തൃണമൂലിൽ നിന്ന് തെരഞ്ഞെടുപ്പിൻ്റെ ഒരു ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നര വർഷമായി നന്നായി പ്രവർത്തിച്ചിട്ടും ഫലം ഉണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. ബേപ്പൂരിൽ ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ല. കോൺഗ്രസുമായി സീറ്റ് പങ്കിടാനാകില്ലെന്ന് വ്യക്തമാക്കി. മതേതര- ജനാധിപത്യ- സംസ്ഥാന പാർട്ടി രൂപീകരിക്കും. പാർട്ടിയുടെ പേരും മറ്റു കാര്യങ്ങളും മെയ് 15നകം തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു.
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.
ബാക്കി കാര്യങ്ങൾ അല്പസമയത്തിനകം നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.