
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കും. തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് അൻവർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചിട്ടുണ്ട്. നേരത്തെ മത്സരിച്ചു വിജയിച്ച ഓട്ടോറിക്ഷ ചിന്നത്തിൽ മത്സരിക്കാനായിരുന്നു അൻവറിന് താൽപര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
മുന്നണി പ്രവേശനത്തില്‍ അനിശ്ചിതത്വം തുടർന്നതോടെ യുഡിഎഫിലേക്കില്ലെന്നും, ചര്‍ച്ചയ്ക്കില്ലെന്നും കഴിഞ്ഞദിവസം അൻവർ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി അതിനുള്ള ഗതിയില്ലെന്നും പറഞ്ഞായിരുന്നു രാവിലെ അൻവർ വാർത്ത സമ്മേളനം അവസാനിപ്പിച്ചത്. എന്നാൽ വൈകിട്ടായതോടെ മത്സരിക്കാൻ ആളുകൾ പണം നൽകാമെന്ന് പറയുകയും മത്സരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നും, മത്സരിച്ചേക്കുമെന്ന സൂചനയും അൻവർ നൽകിയിരുന്നു. പിന്നാലെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം വരുന്നത്.
അതേസമയം, യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞദിവസം അൻവർ നടത്തിയത്. അഞ്ച് മാസമായി വാലില്‍ കെട്ടി നടത്തുന്നു. കൂടെ നില്‍ക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി അതിന് വേണ്ടി പരിശ്രമിക്കുന്നുണ്ടെന്നും എന്നാൽ സംഗതി നടക്കുന്നില്ലെന്നും അൻവർ പറഞ്ഞിരുന്നു. സതീശന് പിന്നിൽ തന്നെ തീർത്തുകളയണമെന്ന് ആഗ്രഹിക്കുന്ന ശക്തികളാണെന്ന് ആരോപിച്ച അൻവർ വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് നിലപാടെടുക്കയും ചെയ്തിരുന്നു.
എന്നാൽ അൻവറിനെ തള്ളാതെയാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. മാത്രവുമല്ല, നിലമ്പൂരില്‍ പി.വി. അന്‍വറും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയും നടത്തിയിരുന്നു. അര്‍ധരാത്രിയാണ് രാഹുല്‍ അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.