
കീറാമുട്ടിയായി പി.വി. അൻവർ - യുഡിഎഫ് ചർച്ച. സ്ഥാനാർഥിയെ പിന്തുണച്ചാൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനിച്ചു. ഫോർമുല അൻവറിനെ നേരിട്ട് അറിയിക്കും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഈ വിവരം അന്‍വറിനെ അറിയിച്ചു.
നല്ലതിനുവേണ്ടി കാത്തിരിക്കാമെന്നും തീരുമാനം കൺവീനർ അറിയിക്കുമെന്നും ചർച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. ഒന്നര മണിക്കൂർ നീണ്ട മീറ്റിംഗ് അവസാനിച്ചു. വളരെ വിശദമായ ചർച്ചകൾ നടന്നുവെന്നും സണ്ണി ജോസഫ് അറിയിച്ചു.
യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് അൻവർ മോശമായി സംസാരിച്ചിരുന്നുവെന്നും അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തതെന്നും അടൂർ പ്രകാശ് അറിയിച്ചു. യു ഡി എഫ് ആരെ നിർത്തിയാലും പിന്തുണക്കുമെന്ന് അൻവർ ആദ്യം പറഞ്ഞു. അതിന് ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അൻവർ പരാമർശം പിൻവലിക്കും എന്നാണ് പ്രതീക്ഷ. പ്രസ്താവന പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പർ ആക്കും. ഇക്കാര്യം അൻവറുമായി സംസാരിച്ചു. അത് അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു.
അൻവർ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന് അടൂർ പ്രകാശ് പറഞ്ഞു. അസോസിയേറ്റ് മെമ്പർ ആകാമെന്നത് നേരത്തെ തീരുമാനിച്ചതാണ്. പരാമർശം പിൻവലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതാണ്. തൃണമൂലിനെ മുന്നണിയിൽ എടുക്കുന്നതിൽ തങ്ങൾക്ക് തീരുമാനമെടുക്കാൻ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പർ ആക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
എന്നാൽ, പൂർണ ഘടകകക്ഷിയാക്കാതെ ഒരു സഹകരണത്തിനും ഇല്ലെന്നാണ് അൻവറിൻ്റെ തീരുമാനം. ഇന്ന് രാവിലെയും വാര്‍ത്താസമ്മേളനം നടത്തിയ പി.വി. അന്‍വര്‍ ഇന്ന് ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നായിരുന്നു യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പറഞ്ഞത്.