"എന്തിനാണ് ഞാൻ അത്രയും ദൂരത്തുനിന്ന് ഇവിടേക്ക് ഓടിയെത്തിയത്?" പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുല്ലപ്പൂക്കളുമായി എത്തിയ പാർഥിപൻ

മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ശ്രീനിവാസന് കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം കേരളം വിടപറഞ്ഞത്
ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയ പാർഥിപൻ
ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയ പാർഥിപൻSource: X
Published on
Updated on

കൊച്ചി: മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ശ്രീനിവാസന് കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം കേരളം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ വലിയൊരു കൂട്ടത്തെ സാക്ഷിയാക്കി മകൻ വിനീതാണ് ചിതയ്ക്ക് തീകൊളുത്തിയത്. കലങ്ങിയ കണ്ണുകളുമായി സത്യൻ അന്തിക്കാട് ശ്രീനിക്കായി എഴുതിയ 'എല്ലാവർക്കും നന്മ നേരട്ടെ' എന്ന കുറിപ്പും പേനയും ചിതയിൽ സമർപ്പിച്ചു.

ദൂരദേശങ്ങളിൽ നിന്ന് തിരക്കുകൾ മാറ്റിവച്ച് നിരവധി താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിയെ കാണാൻ എത്തി. അതിൽ ഭാഷാഭേദമുണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ തമിഴിലെ മുൻനിര സംവിധായകനും നടനുമായ ആർ. പാർഥിപനും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ ഒരാളായി വന്ന് തന്റെ പ്രിയ സ്നേഹിതന് മുല്ലപ്പൂ മാല അർപ്പിച്ചാണ് പാർഥിപൻ മടങ്ങിയത്. ശ്രീനിവാസനെ അവസാനമായി കാണുവാനുള്ള ആ യാത്രയെപ്പറ്റി ദീർഘമായ ഒരു കുറിപ്പും പാർഥിപൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയ പാർഥിപൻ
മോഹൻലാലിനെ വച്ച് 'സന്ദേശം' പോലൊരു സിനിമ ചെയ്യാൻ ഞാനും ശ്രീനിയും ആലോചിച്ചിരുന്നു, ഇനിയതുണ്ടാകില്ല: സത്യൻ അന്തിക്കാട്

ആർ. പാർഥിപന്റെ കുറിപ്പ്:

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ലഭ്യമായിരുന്നില്ല. രാത്രി 7:55ന് ഞാൻ എന്റെ ബെൻസ് കാറുമെടുത്ത് സ്വയം ഡ്രൈവ് ചെയ്ത് ഇറങ്ങി. 8:40ന് ഞാൻ വിമാനത്താവളത്തിലെത്തി. യാത്രയ്ക്കിടയിൽ നാല് സ്ഥലങ്ങളിൽ വച്ച് അപകടങ്ങളിൽ നിന്ന് ഞാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞാൻ ഒറ്റയ്ക്കായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

8:50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. വിമാനത്താവളത്തിനുള്ളിൽ കടന്നിട്ടും സീറ്റുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. പകുതി കാര്യമായും പകുതി തമാശയായും ഞാൻ ഇൻഡിഗോയിലെ സീനിയർ മാനേജരോട് പറഞ്ഞു, "എന്നെ ഈ വിമാനത്തിൽ കയറ്റാൻ മറ്റൊരു വഴിയുമില്ലെങ്കിൽ ഒരു പൈലറ്റിന്റെ സീറ്റായാലും എനിക്ക് കുഴപ്പമില്ല".

അവസാനം 9:25ന്, സ്റ്റാഫുകളിൽ ഒരാൾ തന്റെ സീറ്റ് ഒഴിഞ്ഞുതന്നു, ആ സീറ്റ് എനിക്ക് ലഭിച്ചു. ഈ സൗകര്യം ചെയ്തുതന്നതിന് ആ സീനിയർ മാനേജരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

രാത്രി 11 മണിയോടെ ഞാൻ കൊച്ചിയിലെത്തി. എവിടെ താമസിക്കുമെന്ന് എനിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്ത് ഒരു സാധാരണ ത്രീ-സ്റ്റാർ ഹോട്ടൽ ഞാൻ കണ്ടെത്തി. സത്യത്തിൽ ഞാൻ ഇന്ന് ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. ഞാൻ എന്റെ വിമാന ടിക്കറ്റും ഹോട്ടലും എല്ലാം റദ്ദാക്കി.

എന്നിട്ടും, ഏറ്റവും വിചിത്രമായ കാര്യം ഇതാണ്—എന്റെ മനസ്സിനുള്ളിൽ എവിടെ ഇരുന്നും എനിക്ക് അനുശോചനം അറിയിക്കാമായിരുന്നു. എന്നിട്ടും, എന്തോ ഒന്ന് എന്നെ ഇങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചു. ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടേയിരുന്നു: എന്തിനാണ് ഞാൻ അത്രയും ദൂരത്തുനിന്ന് ഇവിടേക്ക് ഓടിയെത്തിയത്? ഉള്ളിൽ എന്തോ ഒന്ന് എന്നെ ശക്തമായി തട്ടിയുണർത്തുന്നുണ്ടായിരുന്നു.

ഒരു വശത്ത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ ഇതിഹാസങ്ങൾ ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ ഒരുപാട് സമ്പത്ത് കണ്ടിട്ടുണ്ട്. എന്നാൽ എന്റെ മുന്നിൽ നിന്നത് പണമല്ല—മറിച്ച്, അങ്ങേയറ്റം ബഹുമാനം അർഹിക്കുന്ന ശുദ്ധമായ ഒരു ആത്മാവും മഹാനായ സ്രഷ്ടാവുമാണ്.

എന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ കുറച്ച് മുല്ലപ്പൂക്കൾ കരുതിയിരുന്നു. ആരും എന്നെ തിരിച്ചറിയാനിടയില്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല. പ്രപഞ്ചത്തിന് മുന്നിൽ ഈ പ്രവൃത്തി രേഖപ്പെടുത്തപ്പെടണം എന്നതായിരുന്നു എനിക്ക് പ്രധാനം. പൂർണ ആത്മാർത്ഥതയോടെ ഒരു കാര്യം ചെയ്യുമ്പോൾ, അത് എവിടെ എത്തണമോ അവിടെ—ആ സൗഹൃദത്തിൽ—എത്തും. അതിന് പ്രപഞ്ചം മാത്രം സാക്ഷിയായാൽ പോലും മതി.

ഞാൻ അവിടെ വന്നത് ആരും തിരിച്ചറിഞ്ഞില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ എനിക്ക് പൂർണമായ സമാധാനവും ഉണ്ടായിരുന്നു. എന്നാൽ, 'എസ്കേപ്പ് ഫ്രം ഉഗാണ്ട' എന്ന സിനിമയിൽ ഞാൻ ഒപ്പം പ്രവർത്തിച്ച സംവിധായകൻ രാജേഷ് ഞാൻ അവിടെയുള്ളത് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് ചില സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ആ നിമിഷം എന്റെ ഉള്ളിൽ തങ്ങിനിന്നു.

സംവിധായകൻ രാജേഷ്: "ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും എനിക്ക് വലിയ സന്തോഷം തോന്നി. ശുദ്ധമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം വന്നത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നു. ഒരു നല്ല മനുഷ്യൻ, ഒരു യഥാർത്ഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്പർശിച്ചു, വലിയൊരു കെട്ടിപ്പിടുത്തം, വലിയ ബഹുമാനം."

മറ്റൊരു സന്ദേശം: "ഇന്ന് നിങ്ങൾ എനിക്ക് ജീവിതത്തിലെ ശക്തമായ ഒരു തത്വം പഠിപ്പിച്ചുതന്നു, ഒരു പാഠത്തേക്കാൾ ഉപരി ഇതൊരു തത്വശാസ്ത്രമാണ്. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും."

മറ്റൊന്ന്: "അവിടെ ഞാൻ കണ്ട എല്ലാ ഹീറോകൾക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ ഹീറോ."

ജെൻ-സി കുട്ടികളെക്കുറിച്ച്: "അവരൊക്കെ ഇന്നത്തെ തലമുറയിലെ കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോവുകയാണ്. ഒരു യഥാർത്ഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചുകൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ ഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് കേട്ടപ്പോൾ അവർക്കും വലിയ വികാരനിർഭരമായി തോന്നി."

ശുഭരാത്രി സുഹൃത്തുക്കളേ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com