"നാണക്കേടെന്ന് പറഞ്ഞത് സർക്കാർ നയത്തെ"; ആർത്തവ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ന്യായീകരണവുമായി ആർ. ശ്രീലേഖ

തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ശ്രീലേഖയുടെ ന്യായീകരണം...
"നാണക്കേടെന്ന് പറഞ്ഞത് സർക്കാർ നയത്തെ"; ആർത്തവ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ന്യായീകരണവുമായി  ആർ. ശ്രീലേഖ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വിദ്യാർഥികളുടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദമായതോടെ ന്യായീകരണവുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ. ആർത്തവം സ്വാഭാവിക പ്രക്രിയയാണ്. തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ന്യായീകരണം. സർക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് പറഞ്ഞതെന്നും, ആടിനെ പട്ടിയാക്കരുതെന്നും ആണ് മുൻ ഡിജിപിയുടെ പുതിയ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ FB പോസ്റ്റ്‌ വായിക്കാതെ ഓരോരുത്തര് ഓരോന്ന് create ചെയ്ത് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! Menstrual dignity എന്ന് പറഞ്ഞ് ഉത്ഘോഷിക്കുന്ന

സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാ നെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?

"നാണക്കേടെന്ന് പറഞ്ഞത് സർക്കാർ നയത്തെ"; ആർത്തവ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ന്യായീകരണവുമായി  ആർ. ശ്രീലേഖ
"ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, പുറത്തറിയുന്നത് നാണക്കേട്"; വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനെതിരെ ആർ. ശ്രീലേഖ

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. ആർത്തവം പുറത്തറിയുന്നത് നാണക്കേടെന്ന് എഫ്ബി പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. അവധിയെടുത്താൽ ആർത്തവം ആണെന്ന് നാട്ടുകാരും വീട്ടുകാരും അറിയും. അവധിക്ക് പകരം വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകിക്കൂടെ എന്നും ചോദിച്ചിരുന്നു. ശ്രീലേഖയുടെ ഈ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൻ്റെ പൂർണരൂപം:

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി!

എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity?

നാണക്കേടല്ലേ?

ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.

ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.

News Malayalam 24x7
newsmalayalam.com