സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ല; സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും: രമേശ് ചെന്നിത്തല

കോടതി വിധി പരിശോധിച്ചശേഷം, എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുമെന്നും ആഭ്യന്തര മന്ത്രി
സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ല; സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും: രമേശ് ചെന്നിത്തല
Published on: 
Updated on: 

ആര്‍. സുഗതന്റെ കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണങ്ങളെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തു പറയുമ്പോഴും ബിജെപിയുമായി ഒത്തുകളി എന്നു പറയുന്നു. ആരോട് ഒത്തുകളിക്കുന്നു എന്നാണ് പറയുന്നത്? സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും. ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

സുഗതന്റെ കാപ്പ കേസിലേത് കോടതി വിധിയാണ്. ഹൈക്കോടതി വിധിയെ തള്ളുന്നത് കോടതിയലക്ഷ്യമാണ്. വിധി പരിശോധിക്കേണ്ടതുണ്ട്. നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതി എടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ സാധിക്കില്ലല്ലോ. വിധി പരിശോധിച്ചശേഷം, എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

എന്തു പറയുമ്പോഴും ബിജെപിയുമായി ഒത്തുകളി എന്നു പറയുന്നു. കുറേനാളായി പിണറായി വിജയനും എം.വി. ഗോവിന്ദനും ഇത് പറയുന്നു. സൈക്കിള്‍ തട്ടി നായ ചത്താലും പറയും ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയാണെന്ന്. കഴിഞ്ഞ 10 വര്‍ഷം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയമായിരുന്നു പിണറായി വിജയന്. എന്നിട്ടാണ് പറയുന്നത് ഒത്തുകളിയാണെന്ന്. ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നത്. ഒത്തു കളിച്ചവർ പാപം കഴുകിക്കളയാൻ ഞങ്ങളെ കൂട്ടുപിടിക്കേണ്ട. ഇതെല്ലാം ഉണ്ടയില്ലാ വെടിയാണെന്ന് ജനങ്ങൾക്കറിയാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്‍കിയ ഹർജി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

News Malayalam 24x7
newsmalayalam.com