"ടീം യുഡിഎഫ് എന്നാൽ ടീം കേരളം"; കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥി പട്ടിക മികച്ചതെന്ന് രാഹുൽ ഗാന്ധി
ഡൽഹി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥി പട്ടികയ്ക്ക് പ്രശംസയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടീം യുഡിഎഫ് എന്നാൽ ടീം കേരളമാണെന്നും കേരളത്തിലേത് മികച്ച പട്ടികയെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. യുവത്വവും അനുഭവ സമ്പത്തും വനിതാ പ്രതിനിധ്യവുമുള്ള സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസിൻ്റേത്. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും രാഹുലിന്റെ എക്സ് പോസ്റ്റിൽ പറയുന്നു. കേരളത്തിൻ്റെ നല്ല ഭാവിക്കുള്ള എല്ലാ സഹായവും ചെയ്യുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നു. കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്ന പോസ്റ്ററും രാഹുൽ ഗാന്ധി പങ്കുവച്ചു.
കേരളത്തിലെ ജനങ്ങളുടെ ശബ്ദത്തെയും അഭിലാഷങ്ങളെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നവരാണ് യുഡിഎഫിൻ്റെ ഓരോ സ്ഥാനാർഥിയുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കേരളം എനിക്കെൻ്റെ കുടുംബവും മലയാളികൾ എൻ്റെ കുടുംബാംഗങ്ങളുമാണ്. അവർ എനിക്ക് തന്ന സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും. കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ സന്ദേശം വ്യക്തമാണ്. അവരെ കേൾക്കുകയും മനസിലാക്കുകയും സത്യസന്ധമായി അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാരാണ് അവർക്കാവശ്യമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

