പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് ഐആർടി വാട്‌സാപ്പ് ഗ്രൂപ്പ് നമ്പറിൻ്റെ ഉടമ. ഇങ്ങനെ ഒര കാര്യം അറിഞ്ഞിട്ടില്ലെന്നും, ഇപ്പോഴാണ് ഇത്തരത്തിലൊരു വിഷയം അറിയുന്നതെന്നും നമ്പറിൻ്റെ ഉടമ. തൻ്റെ നമ്പറിൽ നിന്നും വന്നു എന്ന് പറയുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണ് എന്നും അയാൾ വ്യക്തമാക്കി.
വാട്സാപ്പിൽ ഇയാളുടെ പേര് ആരിഫ് എന്ന് ആണ്. എന്നാൽ ന്യൂസ് മലയാളത്തോട് സംസാരിക്കുമ്പോൾ അയാൾ ഹണി എന്നാണ് തൻ്റെ പേര് എന്നും, തിരുവനന്തപുരത്താണ് സ്വദേശമെന്നും പറഞ്ഞു. അതീജീവിതയ്‌ക്കെതിരെ ഫോട്ടോ പ്രചരിപ്പിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിന്ന് കൊണ്ടായിരുന്നു ഇയാളുടെ പ്രതികരണം.
താൻ കോൺഗ്രസ് പ്രവർത്തകനല്ലെന്നും, രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലെന്നും ഇയാൾ പറയുന്നുണ്ട്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടില്ലെന്നും, അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്നും ഇയാൾ പറഞ്ഞു. തൻ്റെ നമ്പറിൽ നിന്നും ഇത്തരമൊരു ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകുമോ എന്ന ചോദ്യത്തിന് ഇങ്ങനെ ഒരു കാര്യം താൻ ഇപ്പോഴാണ് അറിഞ്ഞതെന്ന് ആയിരുന്നു അയാൾ പറഞ്ഞത്.
അതേസമയം, അതിജീവിതയെ അപമാനിച്ചതിന് കൊച്ചിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. റസാഖ് പി എ, രാജു വിദ്യകുമാർ എന്നിവർക്കെതിരെ ഐടി ആക്‌ട് പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.