പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂരപീഡനം നേരിട്ടുവെന്നും, ദേഹോപദ്രവം ഏൽപ്പിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. രാഹുൽ സൗന്ദര്യ വസ്തുക്കൾ അടക്കം വാങ്ങി നൽകിയിരുന്നു. പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം പൊലീസ് ആണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലാക്കാട് കെപിഎം ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ അതീവ രഹസ്യനീക്കത്തിൻ്റെ ഭാഗമായാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.
ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ പരാതികളാണ് പെൺകുട്ടി അയച്ച ഇമെയിലിൽ പറയുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ച പരാതിയിൽമേൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. രാഹുലിനെ നിരീക്ഷിക്കാൻ പൊലീസുകാർ കസ്റ്റഡിയിലെടുത്ത അതേ ഹോട്ടലിൽ താമസിച്ചിരുന്നു. കൃത്യമായ നീക്കങ്ങൾക്കൊടുവിലാണ് പൊലീസ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.