

2024 ഡിസംബർ നാലിനാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരു വർഷത്തിനിപ്പുറം മറ്റൊരു ഡിസംബർ നാലിന്, കോൺഗ്രസ് അയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബലാത്സംഗക്കേസുകളിൽ പൊലീസ് തെരയുന്ന എംഎൽഎ ഇപ്പോൾ അയൽ സംസ്ഥാനത്ത് എവിടെയോ ഒളിവിലാണ്. തുടർച്ചയായി ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത് സുരക്ഷിതത്വത്തിൻ്റെ ആകാശത്തിൽ ഉയർന്നുപറന്നിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ താഴെയിറക്കിയത് ന്യൂസ് മലയാളത്തിൻ്റെ വാർത്താ ഇടപെടലാണ്.
കഴിഞ്ഞ മാസം 24ന് ന്യൂസ് മലയാളം പുറത്തുവിട്ട അതിജീവിതയുടെ ശബ്ദരേഖയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങുന്നത്. അന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക അതിക്രമത്തെ അതിജീവിച്ച പെൺകുട്ടിയുടെ ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടതും തുടർന്ന് മാങ്കൂട്ടത്തിൽ ഒളിവിൽ പോയതും.
2025 ആഗസ്റ്റ് 19ന് ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു ചാനൽ അഭിമുഖത്തിൽ തന്നോട് മോശമായി പെരുമാറിയ ഒരു നേതാവിനെപ്പറ്റി പറയുന്നു. സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം എന്ന് പറഞ്ഞ് ഇൻബോക്സിൽ നിരന്തരം ശല്യം ചെയ്ത് പിന്നാലെ കൂടിയ നേതാവിനെപ്പറ്റി അയാൾ ഉപയോഗിച്ച 'ഹൂ കെയേഴ്സ്' എന്ന പ്രയോഗം റിനി അഭിമുഖത്തിൽ പറഞ്ഞതോടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന അഭ്യൂഹമുയർന്നു. റിനി ആരോപിതൻ്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇയാൾ ചതിവിൽപ്പെടുത്തി ബലാത്സംഗം ചെയ്ത നിരവധി സ്ത്രീകളുടെ ശബ്ദരേഖകൾ തുടരെത്തുടരെ പുറത്തുവന്നുകൊണ്ടിരുന്നു. ആഗസ്റ്റ് 22ന് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ. ആഗസ്റ്റ് 23ന് മറ്റൊരു അതിജീവിതയേയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്തുവന്നു. ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ് രാഹുൽ സമീപിച്ചതായി ട്രാൻസ്ജെൻഡറുടെ വെളിപ്പെടുത്തൽ പിന്നാലെ. കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തുമുള്ള നിരവധി സ്ത്രീകളെ പ്രായഭേദമില്ലാതെ ഇയാൾ ലൈംഗികമായി ശല്യം ചെയ്തതിൻ്റെ വിശദാംശങ്ങൾ ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരുന്നു. വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി.
ഒടുവിൽ ആഗസ്റ്റ് 21ന് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് നിർബന്ധിതരായി. ഓഗസ്റ്റ് 25ന് പാർലന്റെറി പാർട്ടിയിൽനിന്നും ഇയാളെ സസ്പെൻഡ് ചെയ്തു. അവിടെ തീർന്നു നടപടികൾ. ആരും പരാതി അന്വേഷണ സംഘത്തിന് മുന്നിൽ രേഖാമൂലം ഉന്നയിച്ചില്ല. 'പരാതിക്കാരുണ്ടോ...?' എന്ന മാങ്കൂട്ടത്തിലിൻ്റേയും അയാളുടെ സൈബർ പിആർ ഹൂളിഗൻ സംഘത്തിൻ്റേയും ആക്രോശം, വെളുപ്പിക്കൽ, അതിജീവിതമാർക്കെതിരെ സൈബർ ആക്രമണം, നേതൃനിരയിൽ നിന്നും മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണ, പാലക്കാട് മണ്ഡലത്തിൽ മാങ്കൂട്ടത്തിൽ വീണ്ടും അനുചരന്‍മാരുടെ വലയത്തിൽ പൊതിഞ്ഞ്, പിആർ സംഘത്തിൻ്റെ അപദാനങ്ങളിൽ മുങ്ങിനിവർന്ന് സജീവമായിത്തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. പരാതി പറയാൻ തയ്യാറായിരുന്നവർ പോലും ഭയന്ന് പിന്മാറി.
ഈ സമയത്താണ് ന്യൂസ് മലയാളം അതിജീവിതമാരിൽ ഒരാളുടെ ഒരു ശബ്ദരേഖ കൂടി ന്യൂസ് മലയാളം പുറത്തുവിട്ടത്. ഗർഭിണിയാകണമെന്ന് അതിജീവിതയോട് ആവശ്യപ്പെടുന്നതും ഭ്രൂണഹത്യ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുമായ ചാറ്റുകൾ പുറത്തുവിട്ടു. ആ പെൺകുട്ടി ഏറ്റുവാങ്ങിയ ക്രൂരതയുടെ അനുഭവസാക്ഷ്യം കേട്ട് കേരളം ഞെട്ടി. അപ്പോഴും മാങ്കൂട്ടത്തിലിനോടുള്ള കൂറിൽ ചില മാധ്യമങ്ങളെങ്കെിലും ആ വാർത്ത കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചു. പക്ഷേ ജനം എല്ലാം കണ്ടു. തുടരെത്തുടരെ വീണ്ടും വെളിപ്പെടുത്തലുകളുണ്ടായി. മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്ന് പ്രതി മുങ്ങി. സംസ്ഥാനം വിട്ടു. പൊലീസ് പിറകേ കൂടി. മാളങ്ങളിൽ നിന്ന് മാളങ്ങളിലേക്ക് അയാളുടെ ഒളിവുജീവിതം നീണ്ടു. വാർത്തകളിലൂടെ ന്യൂസ് മലയാളം ലൈംഗിക വൈകൃതം ശീലമാക്കിയ കുറ്റവാളിയെ പിന്തുടർന്നു.
ഒടുവിൽ എട്ട് ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ കഴിഞ്ഞ ദിവസം കോടതിയുടെ നിർണായക വിധി വന്നു, പ്രതിക്ക് മുൻകൂർ ജാമ്യമില്ല. നിരന്തരം ലൈംഗിക കുറ്റങ്ങൾ ചെയ്യുന്നതായി ജീവിക്കുന്ന തെളിവുകൾ സാക്ഷ്യം പറഞ്ഞ എംഎൽഎയെ ഇനിയും പേറാനാകാതെ കോൺഗ്രസും ഒടുവിൽ ബ്രഹാമാസ്ത്രം പ്രയോഗിച്ചു. പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തായി. കർണാടക അതിർത്തിയിൽ എവിടെയോ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടെന്നാണ് നിലവിലെ വിവരം. ശേഷം ജോലി പൊലീസ് ചെയ്യട്ടെ. എല്ലാവരും കൈവിട്ട സമയത്ത്, വേട്ടക്കാരൻ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയ സമയത്ത് സാർഥകമായ വാർത്താ ഇടപെടൽ നടത്താനായ ചാരിതാർഥ്യത്തിലാണ് ന്യൂസ് മലയാളം.