
പി.വി. അന്‍വറിന്റെ നിലമ്പൂരിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
അന്‍വറിനെ കണ്ടത് പിണറായിസത്തെ വിമര്‍ശിച്ചതുകൊണ്ടാണെന്നും കാണാന്‍ പാര്‍ട്ടിയില്‍ നിന്നോ യുഡിഎഫില്‍ നിന്നോ തന്നെ ആരും കാണാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതി വൈകാരികമായട്ടല്ല തീരുമാനം എടുക്കേണ്ടത് എന്നും നിങ്ങളുടെ ട്രാക്ക് ശരിയല്ലെന്നുമാണ് താന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'പി.വി. അന്‍വറിനോടുള്ള ഏക യോജിപ്പ് പിണറായിസത്തിനെതിരെ സംസാരിക്കുന്നു എന്നുള്ളതാണ്. അങ്ങനെ ഒരാളോട് നിങ്ങള്‍ അതി വൈകാരികമായിട്ടാവരുത് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് എന്ന് മാത്രമാണ് പറഞ്ഞത്. അതില്‍ കൂടുതല്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല,' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അനുരഞ്ജനത്തിന് പോയാലല്ലേ അതിന്റെ സാധ്യതയുടെയും സാധ്യതയില്ലായ്മയുടേയും പ്രശ്‌നമുള്ളു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്നോ മത്സരിക്കേണ്ടെന്നോ യുഡിഎഫിലേക്ക് മത്സരിക്കാന്‍ വരണമെന്നോ വരേണ്ടെന്നോ എന്നൊന്നുമല്ല താന്‍ മുന്നോട്ട് വെക്കുന്ന പോയിന്റ് എന്നും അത് പി.വി. അന്‍വര്‍ പിണറായിസത്തിനെതിരെ സംസാരിക്കുന്നു എന്നത് മാത്രമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയാണ് പി.വി. അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തിയത്. പി.വി. അന്‍വര്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു സൂചന.
യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്. താന്‍ ഇനി യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി അതിനുള്ള ഗതിയില്ല. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ ഞെരിച്ച് വൈറും പൂജ്യമാക്കി കളഞ്ഞെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പി.വി. അന്‍വര്‍ മത്സരിക്കുമെന്ന സൂചന വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.