
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും സുജിത്തിൻ്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
"പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിൻ്റെ ക്രൂരമർദനങ്ങൾക്ക് ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. സുജിത്തിൻ്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും," രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടി എടുക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ആവശ്യപ്പെട്ടു. സാധാരണക്കാരോടുള്ള പൊലീസിൻ്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടി വന്ന കൊടിയ മര്‍ദനമെന്നും സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.