
വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് ആംബുലന്‍സ് തടഞ്ഞില്ലെന്ന് കുടുംബം തന്നെ പറഞ്ഞെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വിഷയത്തില്‍ സിപിഐഎം ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും രാഹുല്‍ വിമര്‍ശിച്ചു. സമരം മൂലം ചികിത്സ വൈകി എന്ന് കുടുംബത്തിന് പോലും ആരോപണം ഇല്ല. യൂത്ത് കോണ്‍ഗ്രസ് ആണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. സിപിഐഎം നേതൃത്വത്തിനു കഴുകന്റെ മനസ്സ്.
മരണത്തെ പോലും കോണ്‍ഗ്രസ് സമരത്തെ പൊളിക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ആരോഗ്യ മേഖലയുടെ അവസ്ഥ മറച്ചുപിടിക്കാന്‍ ഞങ്ങളുടെ സമരത്തിനെ പൊളിക്കാം എന്ന് കരുതേണ്ട. സമരം ഇനിയും തുടരും. സിസ്റ്റം എറര്‍ എന്ന് പറയാന്‍ മാത്രം എന്തിനാണ് ഒരു മന്ത്രിയുടെ ശമ്പളം പാഴാക്കുന്നത്. ഒരു കൊതുക് കുത്തിയാല്‍ അമേരിക്കയ്ക്ക് പോകുന്നത് എന്തിനാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങള്‍ ആവരുത് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ചെന്നായിരുന്നു ആക്ഷേപം. ആംബുലന്‍സ് തടഞ്ഞത് മൂലം ആശുപത്രിയിലെത്തിക്കാനും ചികിത്സ നല്‍കാനും വൈകിയെന്നായിരുന്നു ആരോപണം. വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ചെന്ന വാര്‍ത്ത പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും പ്രതികരിച്ചു. ആരോഗ്യമന്ത്രി പെട്ടപെടലില്‍ നിന്ന് രക്ഷപ്പെടാനാണ് ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. രോഗിയെ ആംബുലന്‍സില്‍ കയറ്റിവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ആംബുലന്‍സിന്റെ പോരായ്മകളാണ് പ്രതിഷേധ രൂപത്തില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ആശുപത്രിയില്‍ വൈകി എത്തിയതാണ് മരണകാരണമെങ്കില്‍ സര്‍ക്കാരാണ് അതിന് ഉത്തരവാദി.
ആവശ്യത്തിന് വേഗതയില്‍ ആംബുലന്‍സിന് പോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചതാണ്. മറ്റൊരു ദുരന്തത്തിലൂടെ ഒരു ജീവന്‍ നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടതെന്നും നേമം ഷജീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.